പല്ലിന്റെ ആരോഗ്യവും ഗര്‍ഭകാലവും തമ്മില്‍ വലിയ ബന്ധമുണ്ട്. മിക്ക ഗർഭിണികളും പറയുന്ന ഒരു പരാതിയാണ് അസഹനീയമായ പല്ല് വേദന. കൂടാതെ ചില പഠനങ്ങൾ പറയുന്നത് പല്ലുകളുടെ ആരോഗ്യക്കുറവ് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ ബാധിക്കുമെന്നാണ്.
ഗര്‍ഭിണികള്‍ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അവര്‍ പതിവായി ദന്തരോഗവിദഗ്ധനെ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തുകയും ദന്തസംരക്ഷണം ഉറപ്പാക്കുകയും വേണം. അതിന്റെ കാരണങ്ങളിവയാണ്;
- ഗര്‍ഭിണിയായിരിക്കെ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മോണയിലേക്കുമുള്ള രക്തയോട്ടം വേഗത്തിലാക്കുന്നു. ഇത് വീക്കം, സെന്‍സിറ്റിവിറ്റി, രക്തസ്രാവം എന്നിവയുണ്ടാക്കിയേക്കാം. ഇതേതുടര്‍ന്ന് മോണവീക്കം, മറ്റ് ദന്തരോഗങ്ങള്‍ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
- കുട്ടികളുടെ അകാല ജനനത്തിന് മോണരോഗങ്ങളുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭിണികളില്‍ മോണരോഗം മൂര്‍ച്ഛിച്ചാല്‍ അത് കുഞ്ഞിന്റെ മരണത്തിനും ഭാരം കുറവുള്ള കുട്ടികളുടെ ജനനത്തിനും കാരണമായേക്കാം. മോണരോഗത്തിന് കാരണമായ ബാക്ടീരിയകള്‍ രക്തത്തിലൂടെ പ്രവഹിച്ച് ഇന്‍ഫ്‌ളമേറ്ററി റിയാക്ഷന്‍ ഉണ്ടാക്കുന്നതുമൂലമാണിത്.
- ഗര്‍ഭകാലത്ത് രാവിലെ ഉണ്ടാകുന്ന ഛര്‍ദി പല്ലുകളെ ബാധിക്കുന്നു. ആമാശയത്തില്‍നിന്നുള്ള ആസിഡ് പല്ലിലെ ഇനാമലിനെ ക്ഷയിപ്പിക്കുന്നത് കാരണമാണിത്. ഇത് തടയാന്‍ ഛര്‍ദിച്ചുകഴിഞ്ഞാല്‍ വായ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുണ്ട്.
- ഗര്‍ഭകാലത്ത് മധുരമുള്ള ഭക്ഷണത്തോടുണ്ടാകുന്ന ആസക്തി പല്ലിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. പതിവായി ബ്രഷ് ചെയ്തും ലഘുഭക്ഷണങ്ങള്‍ ശ്രദ്ധയോടെ തിരഞ്ഞെടുത്തും ഇത് പരിഹരിക്കാം.
- കുഞ്ഞിന്റെ പല്ലുകളുടെയും എല്ലുകളുടെയും രൂപീകരണത്തിന് ഗര്‍ഭിണികള്‍ കാല്‍സ്യം കഴിക്കുന്നത് വര്‍ധിപ്പിക്കേണ്ടതുണ്ട്. കാല്‍സ്യം കൂടുതലുള്ള ഭക്ഷണക്രമം പാലിക്കുകയും പതിവായി ദന്ത പരിശോധനകള്‍ നടത്തുകയും ചെയ്യുന്നത് വായിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.