പാലക്കാട്: കാത്തിരിപ്പിനും അന്വേഷണങ്ങള്‍ക്കും ഫലം കണ്ട് വല്ലപ്പുഴയില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കഴിഞ്ഞ ആറ് ദിവസം ആയി കാണാതായ പതിനഞ്ചുകാരിയെ ആണ് കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ഗോവയില്‍ നിന്നാണ് കണ്ടെത്തിയത്. മലയാളികളായ വിനോദ സഞ്ചാരികള്‍ കുട്ടിയെ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ ഈ കാര്യം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിന് കുട്ടിയെ കൈമാറുകയായിരുന്നു.
നിലവില്‍ കുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. പെണ്‍കുട്ടിയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് ഇന്നലെ പുറത്തു വിട്ടിരുന്നു. പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയത്.
ഡിസംബര്‍ 30നു രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നു ട്യൂഷനു പോയ പെണ്‍കുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നില്‍ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുര്‍ഖ ധരിച്ചാണ് പെണ്‍കുട്ടി പോയത്.
പെണ്‍കുട്ടി സ്‌കൂളിലെത്താത്ത വിവരം അധ്യാപകര്‍ അറിയിച്ചതനുസരിച്ച് മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ വസ്ത്രമായിരുന്നു വെല്ലുവിളി.
എങ്കിലും പെണ്‍കുട്ടി പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് സ്ഥിരീകരിച്ചിരുന്നു. ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിനു തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വെല്ലുവിളിയായി.