തൃശൂര്‍: അന്തരിച്ച മലയാളത്തിന്റെ പ്രിയ ഭാവഗായകന്‍ പി. ജയചന്ദ്രന് ഇന്ന് നാട് വിട നല്‍കും. ജയചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പാലിയം ശ്മശാനത്തിലാണ് അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. ഇന്നു രാവിലെ 10മണിക്ക് മൃതദേഹം പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷമാകും അന്ത്യകര്‍മ്മങ്ങള്‍.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടര്‍ന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലുമായിരുന്നു പൊതുദര്‍ശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്നാണ് ചേന്ദമംഗലത്തേക്കു കൊണ്ടുപോകുന്നത്.
ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാഷ്ട്രീയ, സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓര്‍മകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി കാണാനെത്തി. നിശ്ചയിച്ചതിലും മുക്കാല്‍ മണിക്കൂറോളം വൈകി ഒരുമണിയോടെയാണ് മൃതദേഹം ഹാളില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്. രഞ്ജി പണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മൃതദേഹം മോര്‍ച്ചറിയില്‍നിന്ന് ഇന്നലെ രാവിലെ 9.30നു വീട്ടിലെത്തിക്കുമ്പോള്‍ ഭാര്യ ലളിത, മക്കളായ ലക്ഷ്മി, ദിനനാഥ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ചെന്നൈയില്‍നിന്നു മരുമകള്‍ സുമിതയും പേരക്കുട്ടി നിവേദയുമെത്തി. ജയചന്ദ്രന്റെ സഹോദരന്‍ കൃഷ്ണകുമാറും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഗായകന്റെ വിയോഗത്തില്‍ അനുശോചിച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.