തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മഴ സാധ്യത. എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവന്‍ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത.
തെക്കേ ഇന്ത്യയില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലില്‍ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തില്‍ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കന്‍, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതല്‍. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ മഴ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.