തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ കോടതി വിധിയിൽ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ കെജെ ജോൺസൺ. പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു. പ്രതിക്ക് മാക്സിമം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോൺസൺ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞുവെന്ന് കെജെ ജോൺസൺ പറഞ്ഞു.
കേസിൻ്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു സ്പെഷ്യൽ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടർന്നാണ് സംശയത്തിൻ്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കുന്നത്. പഴുതടച്ച അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലർത്തി കഷായം നൽകിയതിനെ തുടർന്നാണ് ഷാരോൺ മരിക്കുന്നതെന്ന് കണ്ടെത്തിയത്.
ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. പിന്നീടാണ് ഛർദിച്ച് അവശനായത്. ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിൻ്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോൺസൺ പറഞ്ഞു. അതേസമയം വിധിയിൽ സന്തോഷമുണ്ടെന്ന് ഡി ശില്പ ഐപിഎസ് പ്രതികരിച്ചു.