ഏറെ ആരോഗ്യ ഗുണങ്ങളുള്ള അതുപോലെ തന്നെ നല്ല രുചിയുള്ള ഒരു പച്ചക്കറി ആണ് കൂര്‍ക്ക. കൂര്‍ക്കയുടെ രുചി ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. കൂര്‍ക്കയും ചെമ്മീനും കൂര്‍ക്കയും ബീഫും ഇതെല്ലാം നോണ്‍ വെജിറ്റേറിയന്‍സിനെ കൊതിപ്പിക്കുന്ന ഒന്ന് കൂടിയാണ്.
എന്നാല്‍ കൂര്‍ക്ക നന്നാക്കുന്ന കാര്യം വരുമ്പോള്‍ പലര്‍ക്കും ഇത് വാങ്ങാന്‍ തന്നെ മടി ആകും. കൊയ്യില്‍ കറ പറ്റും എന്നത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഇനി കറയെ കുറിച്ചോര്‍ത്ത് കൂര്‍ക്ക വാങ്ങാതിരിക്കേണ്ട. ഇതാ അടിപൊളിയായി കൈയ്യില്‍ കറ ആകാതെ കൂര്‍ക്ക നന്നാക്കാം.
തിളപ്പിക്കാം
ആദ്യം തന്നെ കൂര്‍ക്ക നല്ല വെള്ളത്തില്‍ ഒന്ന് കഴുകി എടുക്കണം. കൂര്‍ക്കയില്‍ ധാരാളം മണ്ണ് ഒട്ടിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഈ മണ്ണ് പോകുന്നതുവരെ അത്യാവശ്യം നല്ലരീതിയില്‍ കഴുകി എടുക്കുക. ഒട്ടും മണ്ണില്ലെന്ന് ഉറപ്പാക്കണം. അതിനുശേഷം ഒരു കുക്കറില്‍ ഈ കൂര്‍ക്ക ചേര്‍ക്കുക. കുറച്ച് ഉപ്പ് ചേര്‍ക്കുക. കൂര്‍ക്കയിലേയ്ക്ക് പിടിക്കാന്‍ പാകത്തിന് ഉപ്പ് ചേര്‍ത്താല്‍ മതി. അതിനുശേഷം കുറച്ച് വെള്ളവും ചേര്‍ത്ത് കുക്കര്‍ അടച്ച് മൂടി വെയ്ക്കണം. തീ കൂട്ടി വെച്ച് ഒരു വിസല്‍ വരുന്നതിന് മുന്‍പ് കുക്കര്‍ ഓഫ് ചെയ്യുക. അതിനുശേഷം അപ്പോള്‍ തന്നെ കുക്കറിലെ വിസല്‍ മൊത്തം കളഞ്ഞ്, കുക്കറിന്റെ മൂടി തുറക്കുക. അതിനുശേഷം മറ്റൊരു പാത്രത്തില്‍ കുറേ തണുത്ത വെള്ളം നിറയ്ക്കുക. ഇതിലേയ്ക്ക് ചൂടാക്കിയ കൂര്‍ക്ക ചേര്‍ക്കുക. കൂര്‍ക്കയുടെ ചൂട് ആറിയതിനുശേഷം കൂര്‍ക്കയില്‍ നിന്നും തൊലി പൊളിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. കയ്യില്‍ കറ പറ്റാതെ നല്ല വൃത്തിയില്‍ കൂര്‍ക്ക നന്നാക്കിയെടുക്കാന്‍ സാധിക്കും.
തിളച്ച വെള്ളം
ഈ മെത്തേഡ് ഉപയോഗിച്ചും വളരെ എളുപ്പത്തില്‍ കൂര്‍ക്കയുടെ തൊലി കളഞ്ഞെടുക്കാം. ആദ്യം തന്നെ കൂര്‍ക്ക നല്ലതുപോലെ കഴുകി, മണ്ണും അഴുക്കും കളയുക. അതിനുശേഷം ഇതിലേയ്ക്ക് നല്ലതുപോലെ തിളപ്പിച്ച വെള്ളം ഒഴിക്കുക. കൂര്‍ക്കയുടെ മുകളില്‍ നില്‍ക്കുന്ന വിധത്തില്‍ വേണം തിളപ്പിച്ച വെള്ളം ചേര്‍ക്കാന്‍. അതിനുശേഷം ഒരു മണിക്കൂര്‍ ഈ ചൂടുവെള്ളത്തില്‍ കൂര്‍ക്കയിട്ട് മൂടി വെയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ്, പാത്രം തുറന്ന്, കൂര്‍ക്ക കൈകൊണ്ട് ഞെരടിയാല്‍, അല്ലെങ്കില്‍ ഒന്ന് തിരുമ്മി നോക്കിയാല്‍ തൊലി പോകുന്നതായിരിക്കും. കയ്യില്‍ കറ പറ്റാതെ കൂര്‍ക്കയുടെ തൊലി കളഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.
ഗ്രേറ്റര്‍
കത്തിയ്ക്കു പകരം, വീട്ടില്‍ ഗ്രേറ്റര്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് കൂര്‍ക്കയുടെ തൊലി കളയാവുന്നതാണ്. ഇതിനായി സാധാരണ കാബേജ് എല്ലാം ഗ്രേറ്റ് ചെയ്യുന്ന ഗ്രേറ്റര്‍ എടുക്കുക. ഇതിന്റെ ചെറിയ സുഷിരം വരുന്ന ഭാഗത്ത് ഓരോ കൂര്‍ക്ക വീതം എടുത്ത് പതുക്കെ ഉരയ്ക്കുക. അമര്‍ത്തി ഉരയ്ക്കരുത്. ഇത്തരത്തില്‍ പതുക്കെ ഉരയ്ക്കുന്നത് തൊലി കളയാന്‍ സഹായിക്കുന്നതാണ്.
കുതിര്‍ത്ത് വെയ്ക്കുക
ഇവയൊന്നും കൂടാതെ, തലേ ദിവസം രാത്രി കൂര്‍ക്ക വെള്ളത്തില്‍ കുതിരാന്‍ വെയ്ക്കുക. പിറ്റേദിവസം ഈ കൂര്‍ക്കയുടെ തൊലി കളയാന്‍ വളരെ എളുപ്പമായിരിക്കും. ഈ വിധത്തില്‍ ചെയ്യുന്നതും വളരെ എളുപ്പത്തില്‍ കൂര്‍ക്കയുടെ തൊലി കളയാന്‍ സഹായിക്കുന്നതാണ്.
വല
ആപ്പിള്‍ എല്ലാം വാങ്ങുമ്പോള്‍ ലഭിക്കുന്ന സഞ്ചിപോലെ തോന്നിപ്പിക്കുന്ന ചെറിയ വലയില്‍ സഞ്ചിയില്‍ കൂര്‍ക്ക കഴുകി, മണ്ണ് കളഞ്ഞതിനുശേഷം ചേര്‍ക്കുക. ഇത് കെട്ടിയതിനുശേഷം അമ്മികല്ലില്‍ ഇട്ട് ഉരയ്ക്കുക. ഇടയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കണം. ഇത്തരത്തില്‍ ചെയ്താലും വളരെ എളുപ്പത്തില്‍ കൂര്‍ക്കയില്‍ നിന്നും തൊലി കളയാവുന്നതാണ്.