തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.
ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 8.1 ആർ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉൾപ്പെടുന്ന 8.1 ആറിന് മുകളിൽ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവർഷം 8 രൂപയായിരുന്നത് 12 രൂപയായിട്ട് വർദ്ധിപ്പിച്ചു.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ എട്ടു ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം നികുതിയും ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതിയും ഈടാക്കുന്നതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നിലവില്‍ അഞ്ചു ശതമാനമാണ് നികുതി. ഈ നികുതി വര്‍ധനയിലൂടെ 30 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.