പൂനെ: ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും സ്ഥിരമായി മോശമായി പെരുമാറുന്നു. ഇതില്‍ മനം മടുത്ത് യുവതി സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ പൂനെയില്‍ കോമള്‍ ദുര്യോധന്‍ മിഡേ എന്ന മുപ്പതുകാരിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. പൂനെയിലെ ദൌണ്ട് താലൂക്കിലെ സ്വാമി ചിഞ്ചോലിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇന്നലെ രാവിലെയാണ് സംഭവം.
യുവതിയുടെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും മൂന്നും വയസ്സ് മാത്രമാണ് പ്രായമുള്ളത്. ഇവരെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിക്ക് 30 വയസ്സ് പ്രായമുണ്ട്. ഇതിന് പിന്നാലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭര്‍ത്താവിനെ യുവതി ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തില്‍ പരിക്കേറ്റ 35കാരന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുര്യോധന്‍ അബാസാഹേബ് മിഡേ എന്നയാള്‍ക്കാണ് പരിക്കേറ്റത്. 1 വയസുള്ള ശംഭു ദുര്യോധന്‍ മിഡേ, 3 വയസുള്ള പിയ ദുര്യോധന്‍ മിഡേ എന്നിവരാണ് യുവതിയുടെ ആക്രമണത്തില്‍ മരിച്ചത്.
ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും സ്ഥിരമായി യുവതിയോട് മോശമായി പെരുമാറിയിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. ഇതില്‍ മനം മടുത്താകാം അതിക്രമമെന്നാണ് സംഭവത്തേക്കുറിച്ച് പുറത്ത് വരുന്ന സൂചനകള്‍. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 30കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.