ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കുറുക്ക് തയ്യാറാക്കാന്‍ എടുത്ത അമൃതംപൊടി പാക്കറ്റില്‍ ചത്തുണങ്ങിയ പല്ലികള്‍. അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റില്‍ നിന്നാണ് ചത്തുണങ്ങിയ നിലയില്‍ പല്ലികളെ കണ്ടെത്തിയത്.
ബുധനൂരിലെ അങ്കണവാടിയില്‍ ഫെബ്രുവരി മാസത്തില്‍ നല്‍കുന്നതിനായി ജനുവരി 22 ന് പഞ്ചായത്തില്‍ നിന്നും അങ്കണവാടികളിലേക്ക് അമൃതം പൊടി പാക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഈ പാക്കറ്റുകളില്‍ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.
കുട്ടികള്‍ക്ക് രണ്ടു ദിവസം മുന്‍പാണ് അമൃതം പൊടി പാക്കറ്റുകള്‍ ലഭിച്ചത് എന്ന് മാതാപിതാക്കള്‍ പറയുന്നു. ഈ പാക്കറ്റുകള്‍ പൊട്ടിച്ച് ഉപയോഗിക്കാന്‍ എടുത്തപ്പോള്‍ ആണ് അതില്‍ പല്ലികളെ കണ്ടെത്തിയത്. രണ്ട് പാക്കറ്റുകളില്‍ ഒന്നിലാണ് പല്ലികളെ കണ്ടെത്തിയത്.
രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയില്‍ ആണ് കണ്ടെത്തിയത്. സംഭവം കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അങ്കണവാടി ടീച്ചറെത്തി പരിശോധിച്ച് സൂപ്പര്‍വൈസറെ വിവരം അറിയിക്കുകയും സി ഡി പി ഒ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
മാന്നാര്‍ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉല്പാദിപ്പിക്കുന്ന അമൃതം ന്യൂട്രിമിക്സാണ് അങ്കണവാടികളില്‍ വിതരണം ചെയ്യുന്നത്.