റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻറ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്.
ഇന്ന് രാവിലെ 11.30ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിലാണ് റഹീം.
2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.