തിരുവനന്തപുരം: വെങ്ങാനൂര്‍ നരുവാമൂട്ടില്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാഥിനെയാണ് (14) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്. രാവിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.
അലോക് നാഥ് മുകളിലത്തെ നിലയിലെ മുറിയിലാണ് പതിവായി കിടക്കുന്നത്. ഇന്നലെ രാത്രി പതിവ് പോലെ കിടക്കാന്‍ പോയ അലോക് നാഥ് ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ പോയി നോക്കുമ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്.
അമ്മയും സഹോദരിയും അലോക് നാഥിനെ അന്വേഷിച്ച് മുറിയില്‍ എത്തിയപ്പോള്‍ കട്ടിലില്‍ അനങ്ങാതെ കിടക്കുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരമാസകലം നീലനിറത്തിലാണ് കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് ഒരു മുറിവും ഉണ്ട്. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴുത്തില്‍ മുറിവ് എങ്ങനെ വന്നു എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.