തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. എത്രയും വേഗം ഒത്തുതീർപ്പാക്കണം. മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്നും സി.ദിവാകരൻ പറഞ്ഞു.
കേരളത്തിൽ പി എസ് സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ് സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ് സി ശമ്പള വർധയെ ന്യയീകരിക്കുകയാണെന്നും ദിവാകരൻ വിമർശിച്ചു. വിവാദ വിഷയങ്ങളായ എലപ്പുള്ളിയിലെ മദ്യ നിർമ്മാണ ശാലയെ കുറിച്ചും കിഫ് ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽഡിഎഫിനെ ദുർബലപ്പെടുത്തില്ല. സി പി ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും സി ദിവാകരൻ വ്യക്തമാക്കി.
അതേസമയം, ആശ വര്‍ക്കര്‍മാരുടെ സമരം മുഖ്യമന്ത്രി വിചാരിച്ചാല്‍ തീര്‍ക്കാമെന്ന് ചെന്നിത്തല പറഞ്ഞു. സിപിഐ ഇടപെട്ടാലൊന്നും പ്രശ്നപരിഹാരം ഉണ്ടാകില്ല. പഴയ സിപിഐക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നു, ഇന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.