കൊച്ചി: ജോജു ജോർജ് ചിത്രം ‘പണി’യിലെ നായിക അഭിനയ വിവാഹിതയാവുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഹൈദ്രബാദിൽ വെച്ചായിരുന്നു ചടങ്ങുകൾ.
‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹങ്ങൾ എണ്ണാം, എന്നെന്നേക്കുമായുള്ള യാത്ര ഇന്ന് ആരംഭിക്കുന്നു’- എന്നാണ് പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്. ‘പണി’യിൽ അഭിനയയുടെ സഹതാരങ്ങളായിരുന്ന അഭയ ഹിരൺമയി, ജുനൈസ് തുടങ്ങിയവരെല്ലാം താരത്തിന് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.
പങ്കാളിയുടെയും തന്റെയും കൈകൾ മണി മുഴക്കുന്നതിന്റെ ചിത്രമാണ് അഭിനയ പങ്കുവച്ചത്. കഴിഞ്ഞ 15 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ബാല്യകാല സുഹൃത്താണ് വരൻ എന്നാണ് വിവരം. അഭിനയയ്ക്ക് ജന്മനാ കേൾവിശക്തിയും സംസാരശേഷിയുമില്ല.
2009-ൽ സമുദ്രക്കനി സംവിധാനം ചെയ്ത ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. ഇതുവരെ 58 സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിന് പുറമെ നർത്തകി കൂടിയാണ് അഭിനയ. ജോജു ജോർജ് സംവിധാനം ചെയ്ത പണിയിലാണ് താരം അവസാനമായി അഭിനയിച്ചത്. അതേസമയം തന്റെ കുറവുകൾ മൂലം ചില സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതായും താരം പറഞ്ഞിട്ട് ഉണ്ട്.