പ്രമേഹചികിത്സയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്ന് വിലകുറഞ്ഞ് വിപണിയിലേക്ക്. ജര്‍മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിന്‍ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവില്‍ എത്തുന്നത്. എംപാഗ്ലിഫോസിന്റെ മേലുള്ള പേറ്റന്റിന്റെ കാലാവധി മാര്‍ച്ച് 11ന് അവസാനിച്ചിരുന്നു.
ഇതോടെ മരുന്നിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തി തുടങ്ങി. ഇന്ത്യന്‍ ഔഷധ വിപണിയിലെ വമ്പന്മാരായ മാന്‍കൈന്‍ഡ് ഫാര്‍മ, ലൂപിന്‍, ആല്‍കെം ലബോറട്ടറീസ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികളാണ് എംപാഗ്ലിഫോസിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്.
എംപാഗ്ലിഫോസിന്റെ 10 മില്ലിഗ്രാമിന്റെ ഒരു ടാബ്‌ലറ്റിന് മുമ്പ് ഇന്ത്യയില്‍ 60 രൂപയോളമായിരുന്നു വില. പേറ്റന്റ് അവസാനിച്ചതോടെ ഇത് ആറുരൂപയില്‍ താഴെ ലഭിക്കാനുള്ള വഴിയാണ് തുറന്നുകിട്ടിയത്. ഇതിന്റെ 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയവില.
പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തിലെ അപാകത മൂലമുണ്ടാകുന്ന ടൈപ്പ്-2 പ്രമേഹരോഗികള്‍ക്കാണ് ഈ മരുന്ന് നല്‍കുന്നത്. വൃക്കയില്‍ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസിന്റെ പുനരാഗിരണം തടയുന്ന മരുന്നാണ് എംപാഗ്ലിഫോസിന്‍.
സോഡിയം- ഗ്ലൂക്കോസ്- കോ-ട്രാന്‍സ്‌പോര്‍ട്ടര്‍-2 ഇന്‍ഹിബിറ്റര്‍ ( എസ്.ജി.എല്‍.ടി-2) വിഭാഗത്തില്‍ വരുന്ന മരുന്നാണ് എംപാഗ്ലിഫോസിന്‍. പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരുന്നത് മരുന്ന് തടയുന്നു. മൂത്രത്തിലൂടെ അധികമായി വരുന്ന ഗ്ലൂക്കോസ് പുറന്തള്ളാന്‍ ഇത് സഹായിക്കുകയും ചെയ്യും.
മാത്രമല്ല പ്രമേഹരോഗികളില്‍ ഹൃദയാഘാതം, വൃക്ക തകരാര്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് പ്രതിരോധിക്കാനും എംപാഗ്ലിഫോസിന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ആകെ 10 കോടിയോളം പ്രമേഹരോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍.