ഐപിഎൽ 2025-ന് ഈ മാസം 22ന് തുടങ്ങാനിരിക്കെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓൾറൗണ്ട് താരം അക്‌സർ പട്ടേലാണ് ഡൽഹിയെ ഈ സീസണിൽ നയിക്കുക. കെ എൽ രാഹുലിന് നായകനാകാൻ താൽപര്യമില്ല എന്നറിയിച്ചതോടെയാണ് അക്‌സറിനെ തെരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 16.50 കോടി രൂപയ്‌ക്കാണ് അക്‌സറിനെ ഡൽഹി സ്വന്തമാക്കിയത്. 2019 മുതൽ താരം ഡൽഹിയ്‌ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 പരമ്പരയിൽ ടീമിന്റെ വൈസ് ക്യാപ്‌റ്റനായത് അക്‌സറായിരുന്നു.
ഗംഭീർ ടീമിന്റെ കോച്ചായ ശേഷം ഏകദിനത്തിൽ നാലാമനായാണ് അക്‌സർ ബാറ്റിംഗിനിറങ്ങാറ്. ബൗളിംഗിലും മികവ് പുലർത്തിയ അക്‌സർ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ പ്രധാന പങ്കും വഹിച്ചു. ഡൽഹിയ്‌ക്കായി ഐപിഎല്ലിൽ 82 മത്സരങ്ങൾ അക്‌സർ കളിച്ചിട്ടുണ്ട്.
2024 സീസണിൽ 235 റൺസ് നേടിയ അക്‌സർ 11 വിക്കറ്റുകളും നേടിയിരുന്നു. 2013ലാണ് അക്‌സർ ട്വന്റി 20 കരിയർ ആരംഭിച്ചത്. 274 മത്സരങ്ങളിൽ 3088 റൺസും 27.15 ശരാശരിയിൽ 239 വിക്കറ്റുകളും അക്‌സർ നേടിയിട്ടുണ്ട്. മാർച്ചിൽ ആരംഭിക്കുന്ന ഐ പി എൽ മെയ് മാസം അവസാനിക്കും.