കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറഞ്ഞത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വക്കഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോർഡിനാണെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ഇതോടൊപ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷൻ നിയമനം നിയമപരമല്ല. സർക്കാർ യാന്ത്രീകമായി പ്രവർത്തിച്ചു. കമ്മീഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.