തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരപ്പന്തലിൽ എത്തി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുക എന്നത് ഏതൊരു സർക്കാരിൻ്റേയും പ്രാഥമിക ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആശാ വർക്കേഴ്സിനെ സമരത്തിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നുവെന്നും വി.എം സുധീരൻ വിമർശിച്ചു. സർക്കാരിൻ്റെ ഭരണ പരാജയത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആശാവർക്കർമാരുടെ സമരം.
39 ആം ദിവസമാണ് ചർച്ച നടത്തുന്നത്. മന്ത്രിയുടെ ഡൽഹി സന്ദർശനം വൈകി വന്ന വിവേകമാണ്. സമരത്തെ പരാജയപ്പെടുത്താൻ എന്തൊക്കെ ശ്രമിച്ചിട്ടാണ് പേരിനൊരു ചർച്ച നടന്നത്. പിണറായി സർക്കാരിൻ്റെ ഭരണ പരാജയത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആശാവർക്കർമാരുടെ സമരമെന്നും വി എം സുധീരൻ വ്യക്തമാക്കി.
ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ആരംഭിച്ചത്. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു.