മധുര മീനാക്ഷി ക്ഷേത്രത്തിലെത്തേത് പോലെ മനോഹരമായ വലിയ അലങ്കാര ഗോപുരമാണ് ഒരു പ്രത്യേകത. പരാശക്തിയുടെ മനോഹരമായ ശില്പങ്ങളും കാളീ രൂപങ്ങളും കൊണ്ടലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ആധുനിക ശൈലി കൂടി ചേർന്ന സമന്വയിച്ചിരിക്കുന്ന വ്യത്യസ്തവും സുന്ദരവുമായ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ പാർവതി പുത്തനാറിൻ്റെ കരയിൽ കരിക്കകം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രമാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട ശക്തി ക്ഷേത്രമാണിത്. നഗരത്തിനോട് ചേർന്നു കിടക്കുന്നു. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തിയുടെ കാളി ഭാവമായ ചാമുണ്ഡി അഥവാ ചാമുണ്ഡേശ്വരി.
തിരുവനന്തപുരം ജില്ലയിൽ ചാക്കപ്രദേശത്ത് കുടികൊള്ളുന്ന വിളിപ്പുറത്തമ്മയായ, ഒരു ക്ഷേത്ര കോംപൗണ്ടിനുള്ളിൽ മൂന്നു ശ്രീകോവിലുകളിലായി ഒരു ദേവി തന്നെ മൂന്നു ഭാവത്തിൽ കുടികൊള്ളുന്നു. ദേവീമാഹാത്മ്യത്തിൽ ചാമുണ്ഡിയെക്കുറിച്ച് പരാമർശമുണ്ട്. ചാമുണ്ഡീദേവിയാണ് മൂന്നു ശ്രീകോവിലിലും കുടികൊള്ളുന്നത്. അലങ്കാരമണ്ഡപത്തിൻ്റെ സൗമ്യ ഗാംഭീര്യവും ക്ഷേത്രപൊലിമ വിളിച്ചറിയിക്കുന്ന മുത്തശ്ശിമാവിന്റെ സാന്നിധ്യവും ദിവ്യാനുഭൂതി പകരുന്നതാണ്.
പണ്ട് രാജഭരണകാലത്ത് രാജാവിൻറെ നീതി നിർവ്വഹണ ക്ഷേത്രമായി അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് കരിക്കകം ചാമുണ്ഡി ക്ഷേത്രം. അതിനാൽ പരീക്ഷണ ക്ഷേത്രമെന്നും അറിയപ്പെടുന്നു. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയാണ് കാളി അവതാരമായ ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡാദേവി, ചുരുക്കത്തിൽ ചാമുണ്ഡി. ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാരം സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാനാണ് പരാശക്തി ഇപ്രകാരം അവതരിച്ചതെന്ന് പറയുന്നു.
ആറ്റുകാൽ ക്ഷേത്രം പോലെ തന്നെ പ്രശസ്തമായ ദേവീക്ഷേത്രമാണ് കരിക്കകം ക്ഷേത്രം. കരിക്കകം ക്ഷേത്രത്തിലെ പൊങ്കാല വളരെ പ്രശസ്തമാണ്. സ്ത്രീകളായ ഭക്തലക്ഷങ്ങൾ പുണ്യത്തിൻ്റെ അനുഭൂതിയും ദുരിതമോചനത്തിനും മോക്ഷം ലഭിക്കുന്നതിനും മീനമാസത്തിലെ മകം നാളിൽ പൊങ്കാല അർപ്പിക്കാറുണ്ട്. 7 ദിവസമാണ് പൊങ്കാല മഹോത്സവം – ദേവിയുടെ പിറന്നാളായ മകത്തിനാണ് പൊങ്കാല നടത്തുന്നത്. മറുനാട്ടിൽ നിന്നു പോലും നിരവധി ആളുകൾ എത്തുന്ന ഒരു ഹൈന്ദവക്ഷേത്രം കൂടിയാണ് ഇത്.