കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21, 22 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കും. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തുന്ന മോദി അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തും.
ശനിയാഴ്ച പ്രധാനമന്ത്രി സബാ അല്‍ സാലെമിലുള്ള ശൈഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്.
അതേസമയം, ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ചര്‍ച്ചയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. 269 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തതപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണ പ്രദേശ നിയമഭേദഗതി ബില്‍ എന്നിവയാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അവതരിപ്പിച്ചത്. ഒരുരാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.