കൊച്ചി: പൊതു വേദിയില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നല്‍കിയ പരാതിയില്‍ ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നടിയുടെ പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
ഉടന്‍ തന്നെ ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ഇന്നലെ ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം.
ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശത്തിന് പിന്നാലെ പലരും സമാനമായ രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹണി റോസിന്റെ പരാതിയിലുണ്ട്.. അതേസമയം, മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്തെത്തി. അവള്‍ക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റു പങ്കുവച്ചു.
ഫേസ്ബുക്കില്‍ ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെയാണ് പരാതിയുടെ വാര്‍ത്ത പുറത്തുവരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതേ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരെ പരാതികള്‍ പുറമെ ഉണ്ടാവുമെന്നും നടി പോസ്റ്റില്‍ കുറിച്ചിരുന്നു.
‘താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നും’ ഹണി റോസ് പറയുന്നു. താനും തന്റെ കുടുംബവും മാനസിക ബുദ്ധിമുട്ടിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നെന്നും നിയമപ്രകാരം ഏതൊക്കെ രീതിയില്‍ മുന്നോട്ടുപോകാമോ ആ രീതിയിലെല്ലാം മുന്നോട്ടുപോകുമെന്നും നടി മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു.