മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ന് പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ സെയ്ഫ്. നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ ആണ് കവര്‍ച്ച നടത്താന്‍ ശ്രമം ഉണ്ടായത്.
വീട്ടില്‍ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവര്‍ച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
സെയ്ഫിന് ആറ് പരിക്കുകളുള്ളതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
ബാന്ദ്രയിലെ ഫ്‌ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാന്‍ താമസിച്ചിരുന്നത്. അവിടേക്ക് കടന്നു കയറിയ അജ്ഞാതന്‍ വേലക്കാരിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അയാളോട് സംസാരിക്കുന്നതിനിടെ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്.