കറിവേപ്പില പലപ്പോഴും വളര്‍ത്തി വലുതാവുന്നതിന് മുന്‍പ് തന്നെ പുഴു കയറി ചീത്തയായി പോകും. കറിവേപ്പില ഒന്ന് പിടിച്ചു തുടങ്ങും മുന്‍പ് മുരടിച്ച് പോകാന്‍ സാധ്യതകള്‍ ഏറെയാണ്. പല രീതിയില്‍ സംരക്ഷണം നല്‍കിയാലും കറിവേപ്പില കേടായി പോകും. എന്നാല്‍ ചില വീടുകളില്‍ കറിവേപ്പില തഴച്ച് വളരുന്നത് കാണാം. വലിയ മരമായി കറിവേപ്പില വളരുന്നു. എങ്ങനെയാണ് ഇത്രയും വലുതാകുന്നത് എന്ന് അറിയോ?
അതിന് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കറിവേപ്പില വളര്‍ത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ കറിവേപ്പില തഴച്ചു വളരും.
ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ഇത് മൂടോടെ കറിവേപ്പ് നശിച്ച് പോവുന്നതിന് കാരണമാകുന്നു. കറിവേപ്പ് വളര്‍ത്തുമ്പോള്‍ അതിനു ചുവട്ടില്‍ ചാരം ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്.
കറിവേപ്പില പറിച്ചെടുക്കുന്നതിലും ഒരു രീതിയുണ്ട്. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു. തണ്ടോടെ ഇലകള്‍ പറിക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുകയും ചെയ്യില്ല..
കറിവേപ്പിന് പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്‌സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. കറിവേപ്പില്‍ പുതിയ ഇലകള്‍ വളരാന്‍ ഇത് സഹായിക്കും.