ചോറ്റാനിക്കര: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന പെണ്‍കുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ തന്നെ മരിച്ച പെണ്‍കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു.
പെണ്‍കുട്ടിക്ക് ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മാത്രമല്ല ഇന്ന് പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഫ്രീസര്‍ ഒഴിവില്ലാത്തതിനാല്‍ മൃതദേഹം ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് സൂക്ഷിച്ചത്.
പെണ്‍കുട്ടിയെ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റിക കൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ചോറ്റാനിക്കരയ്ക്കു സമീപമുള്ള വീട്ടിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 19കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ പെണ്‍കുട്ടിയുടെ കൈയില്‍ മുറിവേറ്റ് ഉറുമ്പരിക്കുന്ന നിലയിലായിരുന്നു.
അര്‍ധ നഗ്നാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ചേര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.