ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. പാര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്.
ദില്ലി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി. ആദ്യമായാണ് കെജരിവാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. പര്‍വേശ് സിങിന് 25,507 വോട്ടും അരവിന്ദ് കെജരിവാളിന് 22057 വോട്ടുമാണ് ലഭിച്ചത്. ജങ്പുരയില്‍ എഎപി സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ തോറ്റു. 636 വോട്ടിനാണ് പരാജയം.
ദില്ലിയുടെ അധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ സിംഹാസനം തകര്‍ത്ത ഘടകങ്ങള്‍.