തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഉബൈദിനാണ് അന്വേഷണച്ചുമതല.
കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താൻ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലർകിനോട് ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്സ്ആപ്പിൽ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലർക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.