കോട്ടയം: കേട്ടയം ഗാന്ധിനഗര്‍ സര്‍ക്കാര്‍ നേഴ്‌സിങ് കോളജിലെ മനസാക്ഷിയെ ഞെട്ടിക്കുന്ന റാഗിങ് കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കേസന്വേഷണത്തില്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. കസ്റ്റഡി അപേക്ഷ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും.
ഗാന്ധിനഗറില്‍ അതിപ്രാകൃതമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മൂന്നുമാസം നീണ്ട പീഡന പരമ്പരയിലെ കൃത്യമായ ദിവസങ്ങളും സമയവും അടക്കം ചോദിച്ചറിയണം. ഇതിനായി അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നാണ് ഗാന്ധിനഗര്‍ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ള ഇരയായ വിദ്യാര്‍ത്ഥിയുടെ കേസില്‍ മറ്റു ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സാക്ഷികളാക്കി. സീനിയര്‍ വിദ്യാര്‍ഥികള്‍ താമസിച്ച 13ാം നമ്പര്‍ മുറിയില്‍ വിളിച്ചു വരുത്തിയായിരുന്നു ക്രൂരമായ റാഗിങ്ങ്.
പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം വിലക്കാനുള്ള കേരളാ നേഴ്‌സിങ് കൗണ്‍സില്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അധ്യാപകന്‍ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റാഗിങ് വിഷയം ഉയര്‍ത്തി വിദ്യാര്‍ഥി സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.