ടൊയോട്ട ഇന്നോവയുടെ ക്രിസ്റ്റ ഇലക്ട്രിക്കിന്റെ കൺസെപ്റ് മോഡൽ പുറത്തുവിട്ട് കമ്പനി. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്നോവയുടെ ഐസിഇയിൽ പ്രവർത്തിക്കുന്ന ഇന്നോവ ക്രിസ്റ്റയും ഹൈബ്രിഡ് എഞ്ചിനുള്ള ഇന്നോവ ഹൈക്രോസ്സുമാണ് നിലവിൽ ഇന്ത്യൻ നിരത്തിലുള്ളത്.
എന്നാൽ ഇപ്പോൾ ടൊയോട്ട ഇലക്ട്രിക് ഇന്നോവ എംപിവിയുടെ കൺസെപ്റ്റ് രൂപം പുറത്തുവിട്ടിരിക്കുകയാണ്. ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ആണ് വാഹനത്തിന്‍റെ അവതരണം.
7 സീറ്റർ ടൊയോട്ട ഇന്നോവ ഇലക്ട്രിക്ക് കൺസെപ്റ്റിന് 59.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കരുത്ത്. ആധുനിക ഇലക്ട്രിക് വാഹനങ്ങൾ ഫ്ലാറ്റ്, ഫ്ലോർ ബെഡ്-മൗണ്ടഡ് ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ, ഇന്നോവ ഇവിയിൽ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്ക് തികച്ചും വ്യത്യസ്തമാണ്. ഈ വാഹനം ടൈപ്പ്-2 AC, CCS-2 DC ചാർജറുകളെ പിന്തുണയ്ക്കുന്നു.
ഇന്നോവ ഇവിയുടെ ഇലക്ട്രിക് മോട്ടോറിന് ഏകദേശം 180 bhp കരുത്തും 700 Nm ടോർക്കും ഉണ്ട്. ഇന്നോവ ഇവിയുടെ രൂപകൽപ്പന നിലവിലുള്ള ഇന്നോവ ക്രിസ്റ്റ എംപിവിയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇലക്ട്രിക് കാറുകളിലെ അടച്ച ഗ്രിൽ, എൽഇഡി ഡിആർഎൽ, ഗ്രില്ലിന്റെ ഇരുവശത്തും ഹെഡ്‌ലാമ്പ് യൂണിറ്റുകൾ എന്നിവ കാറിന്റെ സവിശേഷതയാണ്. ബാറ്ററി ഇലക്ട്രിക് വാഹനമാണെന്ന് സൂചിപ്പിക്കുന്ന “BEV” ബാഡ്‍ജിംഗും ഇലക്ട്രിക് എംപിവിയിൽ ഉണ്ട്.
16 ഇഞ്ച് അലോയി വീലുകളാണ് ഇന്നോവ ഇവിക്ക് ലഭിക്കുന്നത്. ഡോർ ഹാൻഡിലുകൾ, ബോഡി മോൾഡിംഗുകൾ, ക്രോം ട്രിം ചെയ്ത ബ്ലാക്ക്-ഔട്ട് റൂഫ് എന്നിവയുണ്ട്. പിന്നിൽ ഒരു ലൈറ്റ് സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന LED റിയർ ടെയിൽ ലൈറ്റുകളും ഇതിലുണ്ട്.
വയർലെസ് ചാർജിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഉയർന്ന റെസല്യൂഷനുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ-ടോൺ ഇന്റീരിയർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും വാഹനത്തിൽ ഉണ്ട്.
അതേസമയം കൺസെപ്റ്റ് മോഡൽ ഉടൻ തന്നെ വില്പനയ്ക്ക് വരില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഈ കാർ നിലവിൽ ദീർഘകാല പരീക്ഷണത്തിലാണെന്നും ഹൈവേകളിലും ഇന്റർസിറ്റി യാത്രകളിലും പരീക്ഷണം നടത്തുന്നതായും ടൊയോട്ട വ്യക്തമാക്കി.