എറണാകുളം: കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യയുടെ കാരണം സംബന്ധിച്ച നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് ഭയന്നാകാം കുടുംബം കൂട്ടആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഈ മാസം 15ന് ഹാജരാകണമെന്നാണ് സിബിഐ ശാലിനിക്ക് അയച്ച സമന്‍സില്‍ പറഞ്ഞിരുന്നത്. ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേട് കേസില്‍ ശാലിനിയ്ക്ക് സമന്‍സ് ലഭിച്ചതായി മനീഷ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ക്കും അഞ്ച് ദിവസത്തോളം പഴക്കമുള്ളതിനാല്‍ ഹാജരാകാന്‍ നിര്‍ദേശിച്ച 15-ാം തിയതി മൂവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് മനീഷിന്റെ സഹപ്രവര്‍ത്തകരുടെ മൊഴിയില്‍ നിന്ന് പൊലീസ് മനസിലാക്കുന്നത്.
മനീഷിന്റെ മറ്റൊരു സഹോദരി വിദേശത്താണ്. ഇന്നലെ 6 മണിയോടെയാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷും, ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്മ കട്ടിലില്‍ മരിച്ച കിടക്കുന്നതായാണ് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ അമ്മയുടെ മരണ കാരണം വ്യക്തമാക്കാനാവൂ എന്ന് പോലീസ് അറിയിച്ചു.