തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ നേരിയ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക് സാദ്ധ്യതയുള്ളത്.
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് 12 ജില്ലകളിൽ മഴക്ക് സാദ്ധ്യതയുണ്ട്. അതേസമയം വടക്കൻ ജില്ലകളായകണ്ണൂരും കാസർകോടും മഴക്ക് സാധ്യതയില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട് , മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ട്.