ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ 3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന് ആയിരുന്നു വിക്ഷേപണം. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ അറിയിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ കൃത്യതയോടെ വിന്യസിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്മമായി പഠിക്കും. 145 മീറ്റര്‍ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തില്‍ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ് ഇത് സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600 ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്. ആയിരം കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ എത്തിക്കും. രണ്ട് വര്‍ഷമാണ് കാലാവധി.
ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ 3 ദൗത്യം നയിക്കുന്നത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുന്നത്.