മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ വളരെ മോശം നലിയിലാണ് അദ്ദേഹമെന്ന് അപ്പോള്‍ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത്.
കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ച് വരുന്നതായുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. താനെയിലെ അകൃതി ആശുപത്രിയിലാണ് കാംബ്ലി നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം കാംബ്ലി മൂത്രസഞ്ചിയുമായി നടക്കുന്ന ഹൃദയഭേദകമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 52 കാരനായ ബാറ്ററെ തുടക്കത്തില്‍ കടുത്ത മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഈ ആഴ്ച ആദ്യം കാംബ്ലിക്ക് പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച, ആശുപത്രി ജീവനക്കാരുടെയും ആരാധകരുടെയും പിന്തുണയോടെ മൂത്രസഞ്ചിയുമായി കാംബ്ലി നടക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയുടെ ഉള്ളടക്കം.
Vinod Kambli pic.twitter.com/yqWSgzknZE
— Utkarsh Singh (@UtkarshSingh_) December 26, 2024
‘തലച്ചോറില്‍ രക്തം കട്ടപിടിച്ചത് കാരണം കാംബ്ലിക്ക് ഒരിക്കലും ഓര്‍മ്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ മരുന്നുകളുടെ സഹായത്തോടെ അത് മെച്ചപ്പെടും. ശസ്ത്രക്രിയകളൊന്നും ആവശ്യമില്ല. കൂടുതല്‍ രക്തം കട്ടപിടിക്കല്‍ ഉണ്ടാവാതിരുന്നാല്‍ മതി. മരുന്നുകളുടെ സഹായത്തോടെ മാത്രമേ അത് കുറയൂ. അതിനാല്‍ അദ്ദേഹത്തിന് നല്ലൊരു പുനരധിവാസം ആവശ്യമാണ്. പുനരധിവാസം എന്നാല്‍ ഫിസിയോതെറാപ്പിയും പോഷകാഹാര പിന്തുണയുമാണെന്നും’ ഡോ. വിവേക് ദ്വിവേദി വ്യക്തമാക്കി.