ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി കോടികളുടെ പദ്ധതിയുമായി മോദി സര്‍ക്കാര്‍. പ്രകൃതിക്ഷോഭത്തില്‍ നിന്ന് വിളകള്‍ക്ക് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമ യോജന 2025-26 വരെ നീട്ടിയും വിഹിതം 69,515 കോടിയാക്കിയും കര്‍ഷകര്‍ക്ക് ലഭിക്കുന്ന പുതുവര്‍ഷ സമ്മാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച ഈ വര്‍ഷത്തെ ആദ്യ കേന്ദ്ര മന്ത്രിസഭായോഗമാണ് ഇക്കാര്യങ്ങള്‍ അംഗീകരിച്ചത്. നാല് കോടി കര്‍ഷകര്‍ക്ക് ഫസല്‍ ബീമായോജനയുടെ പ്രയോജനം ലഭിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലെയിമുകള്‍ വേഗത്തിലാക്കും. എന്റോള്‍മെന്റും കവേറജും വര്‍ദ്ധിപ്പിക്കും. ഫസല്‍ ബീമായോജന ലളിതമാക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യും.
824.77 കോടിയുടെ കോര്‍പസുപയോഗിച്ച് ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഫിയറ്റ്) രൂപീകരിക്കും. യെസ് ടെക്, വിന്‍ഡ്‌സ് തുടങ്ങിയ സാങ്കേതിക സംരംഭങ്ങള്‍ക്കും ഗവേഷണ വികസന പഠനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിന് ഫണ്ടുപയോഗിക്കും.
ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡി.എ.പി) വളം ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കായി പ്രത്യേക പാക്കേജിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 3000 രൂപയായിരുന്ന ഡി.എ.പി വളം 1350 രൂപയ്ക്ക് നല്‍കും. ഇതിന് 3850 കോടി രൂപ സബ്‌സിഡി നല്‍കും. ചൈന, സൗദി അറേബ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിക്കുമ്പോള്‍ വളത്തിന്റെ വില കൂടും. ഇതേത്തുടര്‍ന്നാണ് സബ്‌സിഡി നല്‍കുന്നത്.