പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസില്‍ കൂടുതല്‍ വീണ്ടും പ്രതികള്‍ അറസ്റ്റില്‍. മൂന്ന് പ്രതികളെ കൂടിയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ പമ്പയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും എന്ന സൂചന ആണ് ലഭ്യമാകുന്നത്. ഇതുവരെ 23 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ദേശീയ- സംസ്ഥാന വനിതാ കമ്മീഷനുകള്‍ വിഷയത്തില്‍ ഇടപെട്ടതോടെ ദക്ഷിണ മേഖല ഡിഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരമാവധി പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ പതിനേഴുകാരനാണ്. ഒരു മാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും മീന്‍കച്ചവടക്കാരായ സഹോദരന്മാരും മൂന്ന് ഓട്ടോ ഡ്രൈവര്‍മാരും അറസ്റ്റിലായവരിലുണ്ട്. പത്തനംതിട്ട വനിതാ പൊലീസ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പ്രതികളുടെ എണ്ണം കൂടിയേക്കാം. പ്രതികളെ പെണ്‍കുട്ടിക്കു മുന്നില്‍ തിരിച്ചറിയല്‍ പരേഡ് നടത്തും.
അതിനിടെ, സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ വിജയാ രഹാത്ക്കര്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
പിടിയിലായ പ്രതികളെ അന്വേഷണ സംഘം തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. 62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിന്‍ എന്ന ആണ്‍സുഹൃത്താണെന്നാണ് മൊഴി. ഇയാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇലവുംതിട്ടയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ വാഹനം പോലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ വെച്ച് പീഡനം നടന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.