പന്തളം: നാളെയാണ് എല്ലാ അയ്യപ്പഭക്തരും കാത്തിരിക്കുന്ന മരസംക്രമം. ഈ മകരസംക്രമ സന്ധ്യയില്‍ ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.
ശരണ മന്ത്രങ്ങള്‍ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്. ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ഘോഷയാത്രയെ അനുഗമിക്കുന്നു.
വൃശ്ചികം ഒന്നുമുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങള്‍ ഇന്നലെ പുലര്‍ച്ചെ നാലിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുവച്ചു. വലിയ തമ്പുരാന്‍ തിരുവോണംനാള്‍ രാമവര്‍മ്മ രാജയുടെ അഭാവത്തില്‍ ഇളയതമ്പുരാന്‍ അവിട്ടംനാള്‍ രവിവര്‍മ്മ രാജയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പതിനൊന്നോടെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡ് അധികൃതരും ചേര്‍ന്ന് രവിവര്‍മ്മ രാജയെ രാജശേഖര മണ്ഡപത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറയില്‍ നിന്നും ആനയിച്ചു.