കൊച്ചി: ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിക്കെതിരേ മിന്നും ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെയുള്ള തിരിച്ചു വരവില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ്. ഇഞ്ച്വറി സമയത്ത് ആവേശ ഗോള്‍ വലയിലാക്കിയുള്ള തിരിച്ചു വരവ് കാണികളെ കൂടി ആവേശത്തിലാക്കി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.
ക്വാമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ് സദൗയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ജെറി, ഡോറി എന്നിവരുടെ വകയായിരുന്നു ഒഡീഷയുടെ ഗോളുകള്‍. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ 20 പോയിന്റാണ് ടീമിന്. ആറ് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയും. ഒഡീഷ ഏഴാം സ്ഥാനത്തുണ്ട്.
കളിയിലുടനീളം കടുത്ത ആക്രമണമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. പക്ഷേ ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ സാധിച്ചില്ല. പിന്നീട് ജിമനെസിന്റെ കളത്തിലേക്കുള്ള വരവാണ് ടീമിന്റെ പ്രകടനത്തെ അടിമുടി മാറ്റി. രണ്ടാം പകുതിയില്‍ ടീം നിരന്തരം ഗോളിനരികിലെത്തി.
നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ പിഴവ് മുതലെടുത്താണ് ഒഡിഷ മുന്നിലെത്തിയത്. ഒഡിഷ പകുതിയില്‍ നിന്നു വന്ന പന്ത് നേരെ ഡോറിയുടെ ദേഹത്ത് തട്ടി ജെറിയിലേക്ക്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പ്രതികരിക്കും മുന്‍പ് തന്നെ താരം പന്ത് വലയിലാക്കിയത്.
60ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്. സ്വന്തം ബോക്‌സില്‍ നിന്നു ഐബന്‍ നീട്ടി നല്‍കിയ പന്ത് കോറോ സിങിലേക്ക്. താരം ഒഡിഷ പ്രതിരോധത്തെ കബളിപ്പിച്ച് പന്ത് ക്വാമി പെപ്രയ്ക്ക് നല്‍കുന്നു. ഓഫ് സൈഡ് കെണി പൊളിച്ച് ബോക്‌സിലേക്ക് ഓടി കയറിയ പെപ്ര ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങിനെ വെട്ടിച്ച് വല ചലിപ്പിച്ചു.
73-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. സബ്ബായി എത്തിയ ജീസസ് ജിമനസ് ആണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. നോഹയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ ഏഴ് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. 80-ാം മിനിറ്റില്‍ ഒഡീഷ സമനില നേടി. ഒരു ഫ്രീകിക്കില്‍ നിന്ന് കിട്ടിയ അവസരം ഡോറി ഗോളാക്കി മാറ്റി. 83ആം മിനുറ്റില്‍ ഒഡീഷ താരം ഡെല്‍ഗാഡോ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്ത് പോയത് ഒഡീഷയ്ക്ക് തിരിച്ചടിയായി. ഇത് ബ്ലാസ്റ്റേഴ്‌സിന് നേട്ടമായി. ഇഞ്ചുറി സമയത്ത് നോഹയുടെ ഗോള്‍ ബ്ലാസ്റ്റേഴ്‌സിന് ജയമൊരുക്കി.