കൊച്ചി: കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന എംഎല്‍എ ഉമ തോമസ് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ഇന്നലെ ഉമ തോമസ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനോട് സംസാരിച്ചു.
വീഡിയോ കോളില്‍ ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനോട് എംഎല്‍എ ഉമ തോമസ് സംസാരിച്ചത്. ‘ഇപ്പോള്‍ കുറച്ചു ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സെഷനില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷം’ എന്ന് തുടങ്ങി ആയിരുന്നു സംസാരം. കൂടാതെ വിശേഷങ്ങള്‍ ഓരോന്നായി ആശുപത്രി മുറിയിലിരുന്നു കൊണ്ട് ഉമ തോമസ് പറഞ്ഞു.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ളയും മറ്റ് സഹപ്രവര്‍ത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇവരോടും എംഎല്‍എ വിഡിയോ കോളിലൂടെ സംസാരിച്ചു. ഒരു മാസത്തേക്ക് കുറച്ച് ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും എംഎല്‍എ ഫോണിലൂടെ പറയുന്നുണ്ട്. ആശുപത്രിയില്‍ നിന്നുള്ള വിഡിയോ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് ടീമാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത്.
നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഉമ തോമസിനെ പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുകയില്ല.