കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന് കേടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാതെ ബോചെ. കോടതി വിധി നടപ്പാക്കേണ്ടതില്ലെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജിയില്‍ തുടര്‍ന്ന് ബോചെ. പുറത്തിറങ്ങാനുള്ള ബോണ്ടില്‍ ഒപ്പിടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ബോബിയുടെ നിസഹകരണം ജയില്‍ അധികൃതര്‍ ഇന്ന് കോടതിയെ അറിയിക്കും.
തനിക്ക് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ വയ്ക്കാനും പറ്റാത്ത തടവുകാര്‍ നിരവധി പേര്‍ ജയിലില്‍ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. 15 റിമാന്‍ഡ് തടവുകാര്‍ ഒപ്പമുണ്ട്. ഇവര്‍ക്ക് ജാമ്യത്തുകയും അഭിഭാഷകരെയും ഏര്‍പ്പാടാക്കും. തുടര്‍ന്ന് ഇവര്‍ക്കൊപ്പം ഇന്ന് ഇറങ്ങാനാണ് നീക്കമെന്നാണ് സൂചന.
ബോബിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇന്നലെ വിലയിരുത്തി.
നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമര്‍ശ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവ് ഇന്നലെ ഉച്ച കഴിഞ്ഞാണ് പുറത്തിറങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.