വീട്ടുകാരെ പോലെ സ്വാതന്ത്ര്യത്തോടെ വീടിനുള്ളില്‍ കടന്നു കയറി എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവരാണ് കൊതുകുകള്‍. വീട്ടിലെ രാജാവിന്റെ സ്ഥാനം ആണ് കൊതുകുകള്‍ക്ക്. മുക്കിലും മൂലയിലും ഒളിച്ചിരുന്ന് ആളുകളെ ഉപദ്രവിക്കും.
മഴക്കാലത്ത് കൊതുകിന്റെ കൂട്ട വരവാണ് എപ്പോഴും ഉണ്ടാവുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തത് തന്നെയാണ് കൊതുക് വരാനുള്ള പ്രധാന കാരണം. എസിയിലും ഫ്രിഡ്ജിന് പിറകിലുമൊക്കെയുള്ള വെള്ളം കൊതുക് പെറ്റുപെരുകാന്‍ ഇടയാക്കും.
കൊതുക് കടിയേറ്റാല്‍ ചിക്കന്‍ ഗുനിയയും, ഡെങ്കിപ്പനിയും അടക്കമുള്ള രോഗങ്ങളും പിന്നാലെ വരും. ഇതുമൂലം മരണം വരെ സംഭവിക്കാം. അതിനാല്‍ തന്നെ കൊതുകിനെ വീട്ടില്‍ നിന്ന് തുരത്തേണ്ടത് അനിവാര്യമാണ്. കൊതുകിനെ തുരത്താന്‍ മിക്കവരും കൊതുകുതിരിയെയും മറ്റുമാണ് ആശ്രയിക്കുന്നത്. എന്നാല്‍ കുട്ടികളുള്ള വീടുകളില്‍ ഇത് എത്രത്തോളം സുരക്ഷിതമാണെന്നും ചിന്തിക്കണം. തികച്ചും സുരക്ഷിതമായ രീതിയില്‍ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ കൊതുകിനെ വീട്ടുപടിക്ക് പുറത്താക്കാം. അതിനായി ചില പൊടിക്കൈകള്‍ ഉണ്ട്.
കാപ്പിപ്പൊടി:
കൊതുകിന് ഏറ്റവും ഇഷ്ടമില്ലാത്ത സാധനമാണ് കാപ്പിപ്പൊടി. ഹാളിലോ കിടപ്പുമുറിയിലോ കൊതുക് ശല്യമുണ്ടെങ്കില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ കാപ്പിപ്പൊടിയെടുത്ത് തുറന്ന കപ്പില്‍ ഇട്ടുകൊടുക്കാം. എന്നിട്ട് കിടപ്പുമുറിയിലോ ഹാളിലോ കൊണ്ടുവയ്ക്കാം. ഇതുവഴി കൊതുകിനെ അകറ്റാം.
കുരുമുളക്:
കുരുമുളക് ഉപയോഗിച്ചും കൊതുകിനെ തുരത്താം. കുരുമുളകും എസ്ന്‍ഷല്‍ ഓയിലും ചേര്‍ത്ത് യോജിപ്പിക്കുക. എന്നിട്ട് സ്പ്രേ ബോട്ടിലിലാക്കുക. കൊതുകുശല്യമുള്ളയിടങ്ങളില്‍ സ്പ്രേ ചെയ്തു കൊടുക്കാം. അതേസമയം, വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ എത്ര ശ്രമിച്ചാലും കൊതുകിനെ അകറ്റാന്‍ കഴിയില്ല. ഫ്രിഡ്ജിന്റെ പിറക് അടക്കമുള്ളയിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്.