ഒരു ഈവനിങ് സ്‌നാക്ക് ഉണ്ടാക്കാം. അതും അടിപൊളി ചിക്കന്‍ റോള്‍ തന്നെ? ചിക്കന്‍ റോളോ എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്നതല്ലേ നല്ല ടേസ്റ്റ് എന്നാണോ നിങ്ങളുടെ വീട്ടുകാരുടെ അഭിപ്രായം? ഇതാ ആ അഭിപ്രായം മാറ്റാന്‍ സമയം ആയി. വളരെ സിംപിളായി വീട്ടില്‍ തന്നെ ഉണ്ടാക്കാം അടിപൊളി ചിക്കന്‍ റോള്‍.
ആവശ്യമുള്ള ചേരുവകള്‍:
ചിക്കന്‍ ബ്രസ്റ്റ് -400ഗ്രാം
മൈദ-1 കപ്പ്
മുട്ട -3 എണ്ണം
വെള്ളം -ആവശ്യത്തിന്
വലിയ ഉള്ളി -2 എണ്ണം (ചെറുത്)
കാരറ്റ് -1 എണ്ണം
ചോളം -1എണ്ണം
ബ്രഡ് പൊടിച്ചത് -2 കപ്പ്
പച്ച മുളക് -2,3 എണ്ണം
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂണ്‍
ഗരം മസാല പൊടി -1 ടീസ്പൂണ്‍
കുരുമുളക് പൊടി-1 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി-1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പാല്‍ -2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യമായി ചിക്കന്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുത്ത ശേഷം ഒന്ന് ചതച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റി കൊടുത്ത് അതിലേക് ഇഞ്ചിവെളുത്തുള്ളി ചതച്ചതും കൂടി ഇട്ടു കൊടുത്ത് പച്ചമുളകും കൂടി ഇട്ട് വഴറ്റുക. അതിലേക്ക് കാരറ്റ് ആദ്യം ചേര്‍ത്ത് വഴറ്റി എടുത്ത് പിന്നീട് ചോളം ഇട്ടു വീണ്ടും വഴറ്റി എടുക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ത്ത ശേഷം വേവിച്ചു വെച്ച ചിക്കന്‍ ചേര്‍ത്ത് കൊടുക്കുക.
അതിലേക്ക് കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടിയും ചേര്‍ത്ത് കൊടുത്തു നന്നായൊന്നു വഴറ്റി മല്ലിയില കൂടി ചേര്‍ത്ത് കൊടുത്താല്‍ മസാല റെഡി. മാവ് ഉണ്ടാക്കുന്നതിനു വേണ്ടി മിക്‌സിയുടെ ജാറിലേക്ക് മൈദയും മുട്ടയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കൊടുത്തു നന്നായി കട്ട കെട്ടാതെ അരച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി ഓരോ തവി മാവ് ഒഴുച്ചു കൊടുത്തു ദോശ ചുട്ടെടുക്കുക. ഒരു ബൗളില്‍ മുട്ടയും പാലും ഇട്ടു കൊടുത്തു നന്നായി അടിച്ചെടുക്കുക. ചുട്ടു വെച്ച ഓരോ ദോശയുടെയും മുകളില്‍ മസാല ഇട്ടു കൊടുത്തു ദോശ രണ്ടു സൈഡും മടക്കി റോള്‍ ചെയ്‌തെടുക്കുക. മുട്ടയുടെ മിക്‌സില്‍ മുക്കി ബ്രഡ് പൊടിയില്‍ മുക്കി ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കുക.