ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ കഴിക്കാന്‍ സ്വാദിഷ്ടമായ ചമ്മന്തി പൊടി തയ്യാറാക്കിയാലോ? ചമ്മന്തിയും സാമ്പാറും ഉണ്ടാക്കാന്‍ മടി വരുന്ന ഏത് ദിവസത്തേക്ക് വേണ്ടിയും തയ്യാറാക്കാം. ഇന്ന് തയ്യാറാക്കിയാല്‍ ഒരുപാട് നാള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ചമ്മന്തിപ്പൊടി.
ആവശ്യമുള്ള ചേരുവകള്‍:
ചുവന്ന മുളക് മൊത്തമായി – 8 എണ്ണം
കാശ്മീരി മുളക് – 6
ഉഴുന്ന് പരിപ്പ് – 1/2 കപ്പ്
കടല പരിപ്പ് – 1/4 കപ്പ്
പച്ച അരി / പുഴുക്കല്‍ അരി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക് – 1/2 ടീസ്പൂണ്‍
എള്ള് – 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
കായം – 1/2 ടീസ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
അടി കട്ടിയുള്ള ഫ്രൈയിങ് പാന്‍ ചൂടാക്കുക, കുറഞ്ഞ തീയില്‍ ചുവന്ന മുളകും കാശ്മീരി മുളകും ചേര്‍ക്കുക. 10 മിനിറ്റ് അല്ലെങ്കില്‍ മുളക് ഇരുണ്ട നിറമാകുന്നതുവരെ ഡ്രൈ റോസ്റ്റ് ചെയ്യുക.(കരിയരുത് ) ഒരു പ്ലേറ്റിലേക്കു മാറ്റുക, തണുക്കാന്‍ അനുവദിക്കുക. അതേ കടായിയില്‍ ഉഴുന്നു പരിപ്പ്, കടല പരിപ്പ്, അരി എന്നിവ ചേര്‍ക്കുക. കുറഞ്ഞ തീയില്‍ റോസ്റ്റ് ചെയ്യൂക. ഇത് പകുതി വറുത്തെടുക്കുമ്പോള്‍, എള്ള്, കുരുമുളക് എന്നിവ ചേര്‍ക്കുക. 5 മിനിറ്റ് വറുത്തെടുത്ത ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റുക. അതേ കടായിയില്‍ കറിവേപ്പില ചേര്‍ത്തു ഡ്രൈ റോസ്റ്റ് ചെയ്യുക. പ്ലേറ്റിലേക്കു മാറ്റുക, തണുക്കാന്‍ അനുവദിക്കുക.
മിക്‌സിയുടെ ജാറില്‍ പകുതി അളവ് വറുത്ത ധാന്യങ്ങളും മുളകും ചേര്‍ക്കുക, 1/4 ടീസ്പൂണ്‍ ഉപ്പും കായവും ചേര്‍ക്കുക. അത് തരുതരുപ്പായി പൊടിച്ച് എടുക്കാം. ഒരു പാത്രത്തിലേക്കു മാറ്റുക. വറുത്ത മിശ്രിതത്തിന്റെ ബാക്കി ഭാഗം 1/4 ടീസ്പൂണ്‍ ഉപ്പും കായവും ചേര്‍ക്കുക. അത് തരുതരുപ്പായി പൊടിച്ചെടുക്കുക. പൊടിച്ച രണ്ട് പൊടികളും യോജിപ്പിച്ച് എടുക്കാം. ചൂട് കുറഞ്ഞശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. പൊടിയില്‍ നെയ്യ് അല്ലെങ്കില്‍ എള്ളെണ്ണ ചേര്‍ത്ത് ഇഡ്ഡലി അല്ലെങ്കില്‍ ദോശയ്‌ക്കൊപ്പം കഴിക്കാം.