കൊച്ചി: കഴിഞ്ഞ ദിവസമാണ് സിനിമാതാരങ്ങള്‍ വലിയ പ്രതിഫലങ്ങള്‍ വാങ്ങുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലം വെട്ടി കുറയ്ക്കണമെന്ന് ആവശ്യം വീണ്ടും ഉയര്‍ത്തി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്.
വിവിധ സിനിമാ സംഘടനകളുമായി ചര്‍ച്ച സജീവമാക്കാനാണ് തീരുമാനം. കൊച്ചിയില്‍ ഇതുമായി ബന്ധപ്പെട്ട യോഗം ഉടന്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.
വലിയ മുതല്‍ മുടക്കി തീയറ്ററുകളില്‍ എത്തിക്കുന്ന സിനിമകള്‍ പ്രതീക്ഷിക്കുന്ന ലാഭമുണ്ടാക്കാത്തതും ഉയര്‍ന്ന വിനോദ നികുതിയും ആണ് നിര്‍മ്മാതാക്കളുടെ നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. സിനിമകളുടെ ഉയര്‍ന്ന നിര്‍മ്മാണ ചെലവില്‍ പ്രധാന ഭാഗവും താരങ്ങളുടെ പ്രതിഫലത്തിനായി നീക്കി വയ്‌ക്കേണ്ടി വരുന്നതിനാല്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടാകുന്നില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.
പ്രമുഖതാരങ്ങള്‍ ശരാശരി 50 ലക്ഷത്തിനു മുകളില്‍ ആണ് പ്രതിഫലം കൈപ്പറ്റുന്നതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. നടന്മാരുടെ പ്രതിഫലം സംബന്ധിച്ച് അമ്മയും ഫെഫ്കയുമടക്കമുള്ള വിവിധ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. കോവിഡിന് പിന്നാലെ വിനോദ നികുതി കുറക്കുന്നതും താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതും പ്രധാന ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നുവെങ്കിലും തീരുമാനം ഒന്നും ആയിരുന്നില്ല. എന്നാല്‍ ഇനി പരിഹാരം ഉണ്ടായില്ലെങ്കില്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള സുപ്രധാന നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് നിര്‍മാതാക്കളുടെ പക്ഷം.