ആലപ്പുഴ: ഇന്നലെ ആയിരുന്നു ആലപ്പുഴ മാന്നാറില്‍ വീടിന് തീ വെച്ച് വൃദ്ധ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊലപാതകം ചെയ്ത മകനെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. കേസിലെ പ്രതിയായ അറുപതുകാരനായ മകന്‍ വിജയനെയാണ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുക.
ഇന്നലെ രാവിലെ ആയിരുന്നു നാട്ടുകാര്‍ സംഭവം അറിഞ്ഞ് പൊലീസിനെ അറിയിച്ചത്. വീട് പൂര്‍ണ്ണമായും കത്തി നിശിച്ച നിലയില്‍ ആയിരുന്നു. വീടിനുള്ളില്‍ വൃദ്ധ ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവര്‍ക്കൊപ്പമുള്ള മകനെ കാണാതായതോടെ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ആദ്യമേ തന്നെ പൊലീസിന് സംശയം ഉണ്ടായി. അധികം വൈകാതെ തന്നെ പൊലീസ് മകനെ കണ്ടെത്തി.
പ്രതിയുമായി മാന്നാര്‍ പൊലീസ് ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്‌നവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നായി വാങ്ങിയ 600 രൂപയുടെ പെട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ വീടിന് തീയിട്ടത്. പ്രതി പെട്രോള്‍ കുപ്പിയില്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. കൊലപാതകം, വീടിന് തീവെയ്ക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.