മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് പ്രഭിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിഷ്ണുജയുടെ അച്ഛന്‍ നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. പ്രഭിന്‍ മകള്‍ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നാണ് വിഷ്ണുജയുടെ അച്ഛന്‍ ആരോപണം
വിഷ്ണുജയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെ രാവിലെയാണ് പ്രഭിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനൊടുവില്‍ വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങള്‍ പ്രഭിനെതിരെ ചുമത്തിയിട്ടുണ്ട്. സൗന്ദര്യമില്ലെന്ന് ആരോപിച്ച് നിരന്തരം അവഹേളിച്ചു, സ്ത്രീധനം കിട്ടിയത് കുറവെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു, ജോലിയില്ലാത്തതിന് ആക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു പ്രഭിനെതിരെ വിഷ്ണുജയുടെ കുടുംബം ഉയര്‍ത്തിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ മലപ്പുറം എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിഷ്ണുജയുടെ കുടുംബം പരാതി നല്‍കിയതിനു പിന്നാലെയാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. നാലു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2023 മെയ് 14 നാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവെന്ന് പറഞ്ഞ് പ്രഭിന്‍ ബൈക്കില്‍ പോലും വിഷ്ണുജയെ കയറ്റിയിരുന്നില്ല. സ്ത്രീധനം നല്‍കിയത് കുറവെന്ന് പറഞ്ഞ് ഉപദ്രവിച്ചു. വിഷ്ണുജയ്ക്ക് ജോലി ഇല്ലാത്തതിനാല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കി എന്നും പിതാവ് വാസുദേവന്‍ പറഞ്ഞു. വിഷ്ണുജ ആത്മഹത്യ ചെയ്യില്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പിതാവ് ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് കരുതി വിഷ്ണുജ വീട്ടില്‍ അറിയിക്കാതെ എല്ലാം സഹിച്ചു മുന്നോട്ട് പോവുകയായിരുന്നുവെന്ന് സഹോദരിമാര്‍ പറഞ്ഞു.