ജനപ്രിയ താരം ദിലീപിന്റെ 150-ാം ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്ത്.
നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. മാജിക് ഫ്രെയിംസിന്റെ 30-ാം ചിത്രം ആണ് എന്നതും പ്രത്യേകതയാണ്. ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആദ്യ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.
ദി സോള്‍ ഓഫ് പ്രിന്‍സ് എന്ന പേരില്‍ എത്തിയിരിക്കുന്ന വീഡിയോയിലൂടെ ചിത്രത്തിന്റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്റണി, മഞ്ജു പിള്ള, ജോണി ആന്റണി , ജോസ് കുട്ടി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
ഒരു ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനല്‍ ദേവ് ആണ്. ദിലീപ്- ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങള്‍ നീണ്ട ചിത്രീകരണം.
ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും. ദിലീപിന്റെ തന്നെ മറ്റൊരാനുജനായി ജോസ് കുട്ടിയും വേഷമിടുന്നുണ്ട്. ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ്-ബിന്ദു പണിക്കര്‍ കോമ്പോയില്‍ ഇവരുടെ മകനായി ദിലീപ് വീണ്ടും എത്തുന്ന ചിത്രം കൂടിയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തും.