തൃശൂർ: ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ചാലക്കുടി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവ് ശേഖരണത്തിനും റിജോ ആന്റണി മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ളവ അന്വേഷിക്കുന്നതിനും വേണ്ടിയാണ് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ വിയ്യൂർ ജയിലിലാണ് റിജോ ആന്റണി. ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി റിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാ ശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി മൊഴി നൽകിയിരുന്നു.
റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തിയിരുന്നു. ഇതിന് പുറമേ കടം വീട്ടുന്നതിനായി ഇയാൾ നൽകിയ 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. തുക ലഭിച്ചയാൾ പണം പൊലീസിനെ ഏൽപിക്കുകയായിരുന്നു. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കിൽ നിന്ന് കവർന്നത്.