Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘ഇനി വീല്‍ചെയറിലാണെങ്കില്‍ അങ്ങനെ വര്‍മ്മ സാര്‍ എന്ന് പൃഥ്വി പറഞ്ഞു’, എമ്പുരാനിലേക്കുള്ള യാത്രയെ കുറിച്ച് സായ് കുമാര്‍

Spread the News!

മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മാര്‍ച്ച് 27 എന്ന ദിവസത്തിന് വേണ്ടിയാണ് മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നത്. സിനിമ റിലീസ് ആകും മുന്‍പ് സിനിമയിലെ നടന്മാരെ പരിചയപ്പെടുത്തുയാണ് ഇപ്പോള്‍. ഓരോ ദിവസം പിന്നിടുമ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തങ്ങളുടെ എമ്പുരാനിലെ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ്.

ഇപ്പോഴിതാ കഥാപാത്ര പരിചയപ്പെടുത്തലിന്റെ 9ാം ദിവസം സായ് കുമാറാണ് പ്രേക്ഷകരുടെ മുന്‍പിലെത്തിയിരിക്കുന്നത്. ലൂസിഫറില്‍ മഹേഷ് വര്‍മ്മ എന്ന രാഷ്ട്രീയക്കാരനായിട്ടായിരുന്നു സായ്കുമാര്‍ എത്തിയിരുന്നത്. ലൂസിഫറില്‍ മഹേഷ വര്‍മ്മയ്ക്ക് നല്‍കിയിരുന്ന സ്വീകാര്യത രണ്ടാം ഭാഗത്തിലും നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ പോലെ താനും സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ചുവര്‍ഷമായി. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഇനിയുള്ള യാത്ര എങ്ങനെയാണെന്ന് പ്രേക്ഷകരെ പോലെ അറിയാന്‍ താനും കാത്തിരിക്കുകയാണെന്നും തിയേറ്ററില്‍ എത്തി സിനിമ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലൂസിഫര്‍ എന്ന സിനിമയിലേക്ക് സായ് കുമാര്‍ എത്തിപ്പെട്ടതെങ്ങനെയെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ എക്‌സിക്യൂട്ടീവ് സിദ്ധു പനയ്ക്കലാണ് കഥാപാത്രവുമായി ആദ്യം തന്നെ സമീപിക്കുന്നതെന്ന് സായ്കുമാര്‍ പറയുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ അടുത്ത സിനിമയില്‍ കാണാമെന്ന് പറഞ്ഞ് താന്‍ അവരെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍ സംവിധായകന്‍ പൃഥ്വിരാജ് തന്നെ അതേ നമ്പറില്‍ നിന്ന് തിരിച്ചുവിളിക്കുകയും,കഥാപാത്രം നിരസിച്ചതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. തന്റെ കാലിന് പ്രശ്‌നമുള്ളതിനാലും നടക്കാന്‍ പ്രയാസമുള്ളത് കൊണ്ടുമാണ് സിനിമ വേണ്ടെന്ന് വച്ചതെന്ന് തുറന്നു പറഞ്ഞെന്ന് സായ് കുമാര്‍ പറയുന്നു. അപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയാണെങ്കില്‍ മഹേഷ് വര്‍മ്മയെ ആ രീതിയിലുള്ള കഥാപാത്രമാക്കാമെന്നും, ഇനി വീല്‍ചെയറിലാണെങ്കില്‍ അങ്ങനെയാണ് വര്‍മ്മ സാര്‍, എന്നും പൃഥ്വിരാജ് പറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. ലൂസിഫറിലെന്ന പോലെ പ്രേക്ഷകരുടെ സഹകരണം എമ്പുരാനിലും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ‘എമ്പുരാന്‍’ എത്തും. ‘എമ്പുരാന്‍’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ കാണിച്ചു തരുമെന്നും വാര്‍ത്തകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!