ഈരാറ്റുപേട്ട: സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും വിധിച്ച് കോടതി. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാല്‍ 1,75000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോ ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 മെയിലായിരുന്നു സംഭവം നടന്നത്. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി.
സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ കൂടെ ഷൂട്ടിങ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രീകരണത്തിനിടെ മഴ പെയ്ത സമയം ലൊക്കേഷനില്‍ നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടു പോയി. യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ച ശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.
മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ വിശ്വനാഥനാണ് കേസ് അന്വേഷിച്ചത്. തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ കെ പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിലാണ് ഹാജരായത്.