ഒരു വീട് വീടാകുന്നത് വീടിന് ഉള്ളിലും പുറത്തും ഒരുപോലെ സൗന്ദര്യം വരുമ്പോഴാണ്. വീട്ടില്‍ നിറയെ ചെടി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് നാം. ഒരു ബന്ധുവിന്റെ വീട്ടില്‍ വിരുന്നിന് പോയാല്‍ ആദ്യം നമ്മുടെ കണ്ണെത്തുന്നത് ആ വീട്ടിലെ ചെടികളിലേക്കായിരിക്കും. അതില്‍ നിന്നും ഒരു ചെടി എങ്കിലും വീട്ടിലേക്ക് കൊണ്ട് വന്ന് അത് നട്ട് വളര്‍ത്തുന്നവരാണ് മിക്ക സ്ത്രീകളും. പക്ഷെ വീടിന് മുന്നില്‍ വയ്ക്കാന്‍ പാടുള്ളതും പാടില്ലാത്തതുമായ ചെടികള്‍ ഉണ്ടെന്ന് അറിയോ?
നമ്മളെല്ലാവരും വീടിനു മുന്നില്‍ റോസാ ചെടി നടാറുണ്ട്. എന്നാല്‍ റോസാ ചെടി വീടിന് മുന്നില്‍ തന്നെ, അതായത് നാം വീട്ടില്‍ നിന്നും ഇറങ്ങി പുറത്തേക്ക് പോകുന്ന ഭാഗത്ത് നട്ടു വളര്‍ത്തരുതെന്നാണ് പറയുന്നത്.
മുന്നില്‍ വര്‍ത്താന്‍ പാടില്ലാത്തത്:
നിരവധി പോസിറ്റീവ് എനര്‍ജി തരുന്ന റോസാ ചെടിയില്‍ ധാരാളം മുള്ളുകള്‍ ഉണ്ട്. അതിനാല്‍ തന്നെ മുള്ളുകളുള്ള ആ ചെടി കണ്ട് പുറത്തേക്കു പോകുന്നത് നന്നല്ല. വീടിന്റെ വാതിലിന്റെ മുന്‍പില്‍ വയ്ക്കാതെ വീടിന്റെ സൈഡിലായി വളര്‍ത്താം എന്നാണ് പറയുന്നത്. വീടിന്റെ മേല്‍ക്കൂരയ്ക്കു മുകളിലേക്കു വളരാതെ നോക്കിയാല്‍ വീട്ടില്‍ വളര്‍ത്താന്‍ പറ്റിയ ചെടിയാണ് ചെമ്പകം.
മുള്ളുള്ള ചെടികള്‍, ബോണ്‍സായി ഇവ വീടിനു മുന്‍പില്‍ വയ്ക്കുന്നത് നന്നല്ല. കനകാംബരം, ഗന്ധരാജന്‍ (പാരിജാതം) എന്നിവ വീടുകളില്‍ നട്ടു പിടിപ്പിക്കുന്നതാണ്. വളരെ പ്രാധാന്യമുള്ള ചെടിയാണ് മന്ദാരം. ശിവഭഗവാന് അര്‍പിക്കുന്ന പൂവാണ് വെളുത്ത മന്ദാരം. മഞ്ഞ, വെളുപ്പ്, വയലറ്റ് നിറങ്ങളില്‍ പൂവുകളുള്ള മന്ദാരം ചെടികളും ഉണ്ട്. മറ്റു പുഷ്പത്തേക്കാള്‍ പ്രാധാന്യമുള്ളതായി മന്ദാരപുഷ്പത്തെ കരുതുന്നു.
നാട്ടുചെത്തി, അശോകചെത്തി എന്നിവ നല്ലതാണ്. എന്നാല്‍ അശോക മരം വീടുകളില്‍ വയ്ക്കുന്നത് നല്ലതല്ല. മുക്കുറ്റി നട്ടു വളര്‍ത്തേണ്ട ആവശ്യമില്ലെങ്കിലും ഒരുപാട് പ്രാധാന്യം ഉണ്ട്. ദശപുഷ്പങ്ങളില്‍ പറയുന്ന എല്ലാ ചെടികളും വീട്ടില്‍ വളര്‍ത്തുന്നത് നന്ന്.
വളരെയധികം പോസിറ്റീവ് എനര്‍ജി തരുന്ന ചെടിയാണ് നന്ത്യാര്‍വട്ടം. അഞ്ച് ഇതള്‍ ഉള്ളതും ചെറിയ ഇതള്‍ ഉള്ളതും വലിയ ഇതള്‍ ഉള്ളതും ഉണ്ട്. മഞ്ഞക്കോളാമ്പി, മഞ്ഞ പുഷ്പങ്ങള്‍ ഉള്ള ചെടികളൊക്കെ അനുകൂല ഊര്‍ജം തരുന്നവയാണ്. നന്ത്യാര്‍വട്ടം, അരളി, മഞ്ഞക്കോളാമ്പി ഇവ കന്നിമൂലയില്‍ വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജി കുറയ്ക്കാന്‍ സഹായിക്കും. മുല്ലച്ചെടിയും വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമാണ്.
പത്തുമണിച്ചെടികളും നാലുമണിച്ചെടികളും വീടിനോടു ചേര്‍ത്ത് നടാം. ചെങ്കദളി പൂവ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാണുന്ന വിധത്തില്‍ നട്ടു പിടിപ്പിക്കാം. വെളുത്ത ശംഖുപുഷ്പം, വയലറ്റ് ശംഖുപുഷ്പം വീടിന്റെ വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ പടര്‍ത്താം. കൂവളം വീടിന്റെ വടക്കു കിഴക്കു ഭാഗത്തായും മുന്‍ഭാഗത്തായും നടാം.
വീട്ടില്‍ വളര്‍ത്തേണ്ട ചെടി:
വീട്ടില്‍ വളര്‍ത്തേണ്ട ചെടികളില്‍ ഏറ്റവും പ്രാധാനമാണ് തുളസിച്ചെടി. തുളസി എന്നാല്‍ മഹാലക്ഷ്മിയാണ്, തുളസിയുടെ കൂടെ ഒരു മഞ്ഞളും കൂടി നട്ടാല്‍ വിഷ്ണുവും ലക്ഷ്മിയും ഒരേ പോലെ വന്നു എന്നാണ് വിശ്വാസം. കസ്തൂരി മഞ്ഞളോ അല്ലെങ്കില്‍ സാധാരണ മഞ്ഞളോ നടാം. രാമതുളസി, കൃഷ്ണതുളസി, കര്‍പ്പൂരതുളസി എന്നിങ്ങനെ തുളസി പലതരത്തിലുണ്ട്. എല്ലാ തുളസിയും ഒന്നൊന്നിന് മൂല്യം ഉള്ളവയാണ്.