പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ അതൃപ്‌തി അറിയിച്ച സിപിഎം നേതാവ് എ പദ്മകുമാര്‍ നിലപാട് മയപ്പെടുത്തി. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പദ്മകുമാര്‍ പറഞ്ഞു.
അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ല. കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം. മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചു. 52 വര്‍ഷത്തോളം ഈ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലേ. ഇപ്പോള്‍ 66 വയസായി. കൂടിവന്നാല്‍ 75 വയസുവരെ കാണുമായിരിക്കുമെന്നാണ് വിചാരിക്കുന്നത്. തന്നെ വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനത്തിനെതിരെ അവസാനകാലത്ത് പ്രവര്‍ത്തിക്കുമെന്നാണോ കരുതുന്നതെന്ന് പദ്മകുമാര്‍ ചോദിച്ചു.
ബിജെപി നേതാക്കള്‍ തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത് മാധ്യമ ശ്രദ്ധ കിട്ടാനാണ്. താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ബിജെപി നേതാക്കള്‍ വീട്ടില്‍ വന്നത്. ബിജെപിക്കാര്‍ വീട്ടില്‍ വന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയമുണ്ട്. ഫെയ്‌സ്ബുക്കില്‍ അപ്പോഴത്തെ വികാരത്തില്‍ പോസ്റ്റിട്ടതാണ്. അതു ശരിയല്ലെന്ന് തോന്നിയപ്പോള്‍ ഒരുമണിക്കൂറിനകം തിരുത്തുകയും ചെയ്തിരുന്നെന്നും പദ്മകുമാര്‍ പറഞ്ഞു.