കണ്ണൂർ: കേരളത്തിലുടനീളമുള്ള വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന PORFA (വൃക്ക മാറ്റിവെച്ചവരുടെയും, ഡയാലിസിസ് രോഗികളുടെയും സംഘടന) ചാരിറ്റബിൾ ട്രസ്റ്റ് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലുമായി ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കേരളത്തിലെ ആദ്യത്തെ ബ്രാഞ്ചായ കിംസ് ശ്രീചന്ദ് ആണ് ഈ മഹത്തായ പങ്കാളിത്തത്തിന്റെ ഭാഗമാകുന്നത്.
വൃക്കരോഗികൾക്കും വൃക്ക മാറ്റിവെച്ചവർക്കും തുടർചികിത്സയിൽ സാമ്പത്തിക സഹായം നൽകുകയും എല്ലാ വിഭാഗം ജനങ്ങൾക്കും നിലവാരമേറിയ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ മുഖ്യലക്ഷ്യമെന്നും, കൂടാതെ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഏറ്റവും കുറഞ്ഞ ചിലവിൽ കേരളത്തിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും, ഇരുപത്തിനാലു മണിക്കൂറും ലഭ്യമാകുന്ന ഹെൽപ്‌ലൈൻ സംവിധാനവും PORFAയുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്നും കിംസ് കേരള ക്ലസ്റ്റർ CEOയും, കോ-ഫൗണ്ടറുമായ ഫർഹാൻ യാസിൻ, കിംസ് ശ്രീചന്ദ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ദിൽഷാദ്, കിംസ് ശ്രീചന്ദ് സീനിയർ നെഫ്റോളജിസ്റ്റും ട്രാൻസ്‌പ്ലാന്റ് ഫിസിഷ്യനുമായ ഡോ. ടോം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോക വൃക്ക ദിനത്തിന്റെ ഭാഗമായി, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ജോലി സാധ്യതകൾ നഷ്ടപ്പെട്ട PORFA അംഗങ്ങൾക്ക്, അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ കിംസ് വാഗ്ദാനം ചെയ്യുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണെന്നും, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രി ശൃംഗലയായ കിംസ് ഗ്രൂപ്പുമായി ചേർന്ന് മുന്നോട്ട് പോകുന്നതിലൂടെ കേരളത്തിലെ നിർദ്ധനരായ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാകുമെന്നും PORFA ചെയർമാൻ ടി.ടി. ബഷീർ, PORFA കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജി പുതിയോട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.